ഐഎൻഡിഐ മഹാറാലി; 28 പ്രതിപക്ഷ പാർട്ടികൾ അണിനിരന്നു


ന്യൂഡൽഹി : മോദി സർക്കാരിനെതിരെ ഐഎൻഡിഐ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണി നിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവർക്കൊപ്പം കെജ്‌രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കൽപനയും വേദിയിൽ സന്നിഹിതരായി.

ഒരു കാരണവുമില്ലാതെയാണ് കെജ്രിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതിവേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന കെജ്രിവാളിൻ്റെ സന്ദേശം സുനിത വായിച്ചു. ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല , ഹൃദയമാണ്, ആത്മാവാണ്. സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജ്രിവാൾ സന്ദേശത്തിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉദ്ദവ് താക്കറെ. ബി ജെ പിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും, സിബിഐ യും,ആദായ നികുതി വകുപ്പും. ഒരു സർക്കാരിനും ഏകാധിപത്യ നടപടികൾ ഏറെക്കാലം തുടരാനാവില്ല. അഴിമതിക്കാരായ നേതാക്കൾ ബി ജെ പിയിൽ ചേരുന്നു. വാഷിംഗ് മെഷീൻ്റെ പണിയെടുത്ത് ബിജെപി അവരെ വെളുപ്പിക്കുന്നു. കർഷകരെ തീവ്രവാദികളാക്കുന്ന സർക്കാരാണിത്. ഏകാധിപത്യ സർക്കാരിനെ പുറത്താക്കും. ഇനിയൊരിക്കലും ഇവർ അധികാരത്തിൽ തിരികെ വരാൻ പാടില്ല. ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. കശ്മീരിൽ എത്രയോ കാലമായി ഇതാണ് നടക്കുന്നത്.ജമ്മു കശ്മീർ കേന്ദ്രത്തിൻ്റെ പരീക്ഷണശാലയാണ്.
അവിടെ പരീക്ഷിച്ച് വിജയിക്കുന്ന കാര്യങ്ങൾ പിന്നീട് രാജ്യത്താകെ നടപ്പാക്കുന്നു.കെജരിവാൾ മാന്യനായ രാഷ്ട്രീയ നേതാവാണ്. ഇത് കെജരിവാളിനായുള്ള പ്രതിഷേധമല്ല, ഭരണഘടനയെ രക്ഷിക്കാനാണെന്നും മെഹബൂബ മുഫ്തി വിശദീകരിച്ചു.
Previous Post Next Post