പേടിഎം ബാങ്കിന് 5.49 കോടി പിഴ ചുമത്തിന്യൂഡൽഹി : റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേടിഎം പേയ്മെന്റ് ബാങ്കിന് വീണ്ടും തിരിച്ചടിയായി 5.49 കോടി രൂപ പിഴ. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (എഫ്ഐയു ഐഎൻഡി) ആണ് പിഴ ചുമത്തിയത്. 

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥ‌ാനത്തിലാണ് നടപടിയെന്ന് എഫ്ഐയു ഐഎൻഡി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ ലംഘിച്ച് പേടിഎം പേയ്മെന്റ് ബാങ്ക് വഴി ചില സ്ഥാപനങ്ങൾ നിയമവിരുദ്ധമായി ഫണ്ടുകൾ കൈമാറ്റം ചെയ്തതായി എഫ്ഐയു-ഐഎൻഡി അറിയിച്ചു. അതേസമയം, രണ്ടു വർഷം മുൻപു തന്നെ നിർത്തലാക്കിയ ബിസിനസ് സെഗ്മെന്റിലെ പ്രശ്‌നങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പിഴ ചുമത്തിയതെന്ന് പേടിഎം അറിയിച്ചു.

വിവിധ ചട്ടലംഘനങ്ങളുടെ പേരിലാണ് പേടിഎമ്മിനെതിരെ ആർബിഐ നടപടിയെടുത്തത്. ഫെബ്രുവരി 29ന് ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്‌ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയത്. ഇതിൻ്റെ സമയപരിധി പിന്നീട് മാർച്ച് 15 വരെ നീട്ടി.
Previous Post Next Post