യുഎഇയിലെ രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസയുടെ ബിരുദം; ആദ്യ അറബ് വംശജര്‍



അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ബഹിരാകാശയാത്രികരായ നോറ അല്‍ മത്രൂഷിക്കും മുഹമ്മദ് അല്‍ മുല്ലയ്ക്കും നാസയുടെ ബിരുദം. നാസ ക്ലാസില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ അറബികളെന്ന് ചരിത്ര നേട്ടത്തിനും ഇവര്‍ അര്‍ഹരായി.

നാസയുടെ 2024ലെ ആസ്‌ട്രോനാറ്റ്‌സ് ബിരുദദാന ചടങ്ങില്‍ വച്ച് പത്ത് അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്കൊപ്പം ഇരുവരും സില്‍വര്‍ ആസ്‌ട്രോനാറ്റ് ബിരുദം സ്വീകരിച്ചു. ടെക്സാസിലെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ മാര്‍ച്ച് അഞ്ച് ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്.

2021-ലെ നാസ ബഹിരാകാശയാത്രിക കാന്‍ഡിഡേറ്റ് ക്ലാസ് പരിശീലന പരിപാടിയിലൂടെയാണ് ഇരുവരും ബിരുദം നേടുന്നത്. 31 കാരിയായ നോറ അല്‍ മത്രൂഷി നേരത്തേ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. 36നായ മുഹമ്മദ് അല്‍ മുല്ല ദുബായ് പോലീസ് ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു. നാസയുടെ ആസ്‌ട്രോനാറ്റ്‌സ് ബിരുദം ലഭിച്ചതോടെ ഇരുവരും യുഎഇയുടെ അഭിമാന താരങ്ങളായി .

ഇതോടെ ഇരുവരും എല്ലാവിധ ബഹിരാകാശ യാത്രകള്‍ക്കും ആവശ്യമായ യോഗ്യത കൈവരിച്ചു. ആര്‍ട്ടെമിസ് പ്രോഗ്രാമിന് കീഴിലുള്ള ചാന്ദ്ര ദൗത്യങ്ങള്‍, ചൊവ്വ ദൗത്യങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അസൈന്‍മെന്റുകള്‍, വാണിജ്യ ലക്ഷ്യങ്ങളോടെയുള്ള ബഹിരാകാശ യാത്രകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ടുവര്‍ഷത്തെ പരിശീലന പരിപാടിയില്‍ ബഹിരാകാശ നടത്തം, റോബോട്ടിക്സ്, ബഹിരാകാശ നിലയ സംവിധാനങ്ങള്‍, ടി-38 ജെറ്റ് പ്രാവീണ്യം, റഷ്യന്‍ ഭാഷാ പ്രാവീണ്യം തുടങ്ങിയ വൈദഗ്ധ്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെ ന്യൂട്രല്‍ ബൂയന്‍സി ലബോറട്ടറിയിലാണ് നോറയും മുഹമ്മദും ബഹിരാകാശ നടത്തത്തില്‍ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയത്.

Previous Post Next Post