പറക്കും തളികകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം ; സംഭവത്തില്‍ വിശദീകരണവുമായി യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍





1950 കളിലും 60 കളിലും അജ്ഞാതമായ പറക്കുന്ന വസ്തുക്കള്‍ കണ്ടതിന് കാരണം അക്കാലത്ത് നടന്ന യുഎസിന്റെ അത്യാധുനിക രഹസ്യ നിരീക്ഷണ വിമാനങ്ങളുടെയും ബഹിരാകാശ സാങ്കേതിക വിദ്യകളുടെയും പരീക്ഷണങ്ങളായിരിക്കാമെന്ന് പെന്റഗണ്‍ വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുഎസ് ഭരണകൂടം അന്യഗ്രഹ ജീവികളെ നേരിട്ടതിന് യാതൊരു വിധ തെളിവുകളുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂരിഭാഗം യുഎഫ്ഒകളും ഭൂമിയില്‍ നിന്ന് തന്നെയുള്ള സാധാരണ വസ്തുക്കളാണെന്നും അവയെ തെറ്റിദ്ധരിച്ചതാണെന്നും പെന്റഗണ്‍ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
എന്നാല്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്ന വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ഈ ഗവേഷണം കൊണ്ട് സാധിക്കില്ലെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. അത്രത്തോളം അത്തരം വിശ്വാസങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളും പുസ്തകങ്ങളും സിനിമകളും ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ കുറിച്ചുള്ള ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയാ ഉള്ളടക്കങ്ങളുമെല്ലാം ഈ വിഷയത്തില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ അത്തരം വിശ്വാസങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പെന്റഗണ്‍ പറയുന്നു.

യുഎഫ്ഒ കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാനുള്ള യുഎസ് സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പെന്റഗണിലെ ഓള്‍ ഡൊമൈന്‍ അനോമലി റെസൊലൂഷന്‍ ഓഫീസ് (ആരോ) ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തത്. ഇതിന്റെ ഭാഗമായി നാസയുടെ ഉദ്യോഗസ്ഥരുടെ പൊതുയോഗങ്ങളും കോണ്‍ഗ്രസില്‍ വെച്ചുള്ള വിചാരണകളും സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. ബഹിരാകാശ പേടകങ്ങളും അന്യഗ്രഹ അവശിഷ്ടങ്ങളും സര്‍ക്കാര്‍ വീണ്ടെടുത്തുവെന്നും അതിന്റെ അന്യഗ്രഹ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് യുഎഫ്ഒകളുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട ആരോപണങ്ങൾ.

എന്നാല്‍, അന്യഗ്രഹ ജീവികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നു. സാധാരണ വസ്തുക്കളെയും പ്രതിഭാസങ്ങളേയും ആളുകള്‍ യുഎഫ്ഒകളായി തെറ്റിദ്ധരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 1945 വരെയുള്ള എല്ലാ രഹസ്യ രേഖകളും ആര്‍ക്കൈവുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അന്യഗ്രഹ പേടകം കണ്ടെടുത്തുവെന്ന അഭ്യൂഹങ്ങള്‍ ഗവേഷകര്‍ പൂര്‍ണമായും നിഷേധിച്ചു. പലതും പുതിയ സാങ്കേതിക വിദ്യാ പരീക്ഷണങ്ങളെ തെറ്റിദ്ധരിച്ചതാണ്. അന്യഗ്രഹ ജീവികളുടെ പറക്കും തളികകള്‍ എന്ന സങ്കല്‍പ്പത്തിന് സമാനമായ രൂപത്തിലുള്ള തളികകളെ പോലുള്ള നിരവധി വിമാനങ്ങളുടെ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. പറക്കും തളികയുടെ രൂപത്തിലുള്ള കനേഡിയന്‍ വിസെഡ്-9എവി അവ്രോകാര്‍ എന്ന ഫൈറ്റര്‍ ബോംബര്‍ വിമാനവും അതിന് ഒരു ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു
Previous Post Next Post