എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി : സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത മുതിര്‍ന്ന നേതാവാണ് പ്രകാശ് ജാവ്ദേക്കര്‍. പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതോടെ രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായി. ദില്ലിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. 

ഇതോടെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ആയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.
Previous Post Next Post