തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള പ്രധാനമന്ത്രി മോദിയുടെ വാട്സ്ആപ്പ് സന്ദേശം കണ്ട് അമ്പരന്ന് അറബികളും പാകിസ്താനികളും

 


ജിദ്ദ: അറബികള്‍ക്കും ഇന്ത്യക്കാരല്ലാത്തവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്സ്ആപ്പ് സന്ദേശം. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് പുറത്തിറക്കിയ കത്താണ് സൗദിയിലെയും യുഎഇയിലെയും ഇന്ത്യക്കാരല്ലാത്തവര്‍ക്കും ലഭിച്ചത്.

യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍, ബ്രിട്ടീഷുകാര്‍, ഇമാറാത്തികള്‍, പാക്കിസ്ഥാനികള്‍ എന്നിവരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വാരാന്ത്യത്തില്‍ ഇന്ത്യയുടെ 'വിക്ഷിത് ഭാരത് സമ്പര്‍ക്കില്‍' നിന്നുള്ള വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചതോടെ അമ്പരന്നു.

വാട്‌സ്ആപ് ബ്രോഡ്കാസ്റ്റ് മെസ്സേജ് കണ്ട് അമ്പരന്ന അറബികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത് കാണിച്ചിരുന്നു. പ്രവാസികള്‍ക്കൊപ്പം ഇന്ത്യക്കാരല്ലാത്തവര്‍ക്കും മൊബൈലില്‍ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഫീഡ്ബാക്കും നിര്‍ദേശങ്ങളും അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് ഇതോടൊപ്പം ചേര്‍ത്തിരുന്നു.

സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ആശയങ്ങളും നിര്‍ദേശങ്ങളും പിന്തുണയും നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാരല്ലാത്തവര്‍ സന്ദേശം ലഭിച്ചതോടെ ആശയക്കുഴപ്പത്തിലാവുകയും അവരുടെ പങ്കാളിത്തത്തെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്തു.

സൗദിയില്‍ ചിലര്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ സന്ദേശം കാണിച്ച് വിവരങ്ങള്‍ തിരക്കി. ദുബായ് ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകയായ അസ്മ സെയ്ന്‍ തനിക്ക് സന്ദേശത്തിന്റെ പ്രസക്തി സംബന്ധിച്ച് ഞെട്ടല്‍ രേഖപ്പെടുത്തി. ''അര്‍ദ്ധരാത്രിയാണ് എനിക്ക് സന്ദേശം ലഭിച്ചത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. മിസ്റ്റര്‍ മോദിക്ക് എന്നില്‍ നിന്ന് എന്ത് തരത്തിലുള്ള നിര്‍ദേശങ്ങള്‍ ആവശ്യമാണ്? അതിലും പ്രധാനമായി, ഞാന്‍ അവ നല്‍കണോ? എന്നും അവര്‍ ചോദിച്ചു.

തന്റെ ഇത്തിസലാത്ത് നമ്പറില്‍ സന്ദേശം ലഭിച്ചത് വളരെ വിചിത്രമായി തോന്നുന്നുവെന്ന് ഇന്ത്യക്കാരനല്ലാത്ത മറ്റൊരാള്‍ പ്രതികരിച്ചു. അടുത്തിടെ ജോലിക്കായി ഇന്ത്യയിലേക്ക് പോയ ദുബായിലെ ബ്രിട്ടീഷ് താമസക്കാരനും സന്ദേശം ലഭിച്ചു. തന്റെ പ്രൊഫഷണല്‍ ഇടപഴകലുമായി ബന്ധപ്പെട്ടതാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. ഞങ്ങളുടെ നമ്പര്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വളരെ ജിജ്ഞാസയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന്് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പല സ്വീകര്‍ത്താക്കളും തങ്ങളുടെ ഡാറ്റാ സ്വകാര്യതയുടെ ലംഘനത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പൗരന്മാരുടെ പ്രതികരണമെന്ന വ്യാജേന രാഷ്ട്രീയ പ്രചരണം നടക്കുന്നുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇതേക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തി. യുഎഇ കണ്‍സള്‍ട്ടന്റ് ആന്റണി ജെ പെര്‍മലിന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചായിരുന്നു കുറിപ്പ്. ഭരണകക്ഷിയുടെ പക്ഷപാതപരമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സര്‍ക്കാര്‍ വിവരങ്ങളുടെയും നഗ്‌നമായ ദുരുപയോഗമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ താഴെ തങ്ങള്‍ക്കും സന്ദേശം ലഭിച്ചതായി ചില വിദേശികള്‍ അറിയിച്ചു.

Previous Post Next Post