എന്റെ മരണത്തിന് ഉത്തരവാദികൾ എന്റെ അമ്മയും അച്ഛനും സഹോദരനുമായിരിക്കും, കുടുംബത്തിനെതിരെ ആരോപണങ്ങളുമായി യൂട്യൂബർ


കുടുംബക്കാർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ബിഗ്‌ബോസ് താരം യുകെ07 റൈഡർ എന്നറിയപ്പെടുന്ന അനുരാഗ് ദോഭാൽ. അടുത്തിടെ പുറത്തിറങ്ങിയ ഒരു വൈകാരിക വീഡിയോയിലൂടെ തന്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഓൺലൈനിൽ വലിയൊരു ആരാധകവൃന്ദമുള്ള യൂട്യൂബർ, ജാതി മാറി വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം, പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന് ‘മാനസിക പീഡനവും അങ്ങേയറ്റത്തെ വൈകാരിക ക്ലേശവും’ നേരിട്ടതായി അവകാശപ്പെട്ടു.

അന്യ മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് കുടുംബക്കാർ മാനസികമായി പീഡിപ്പിക്കുകയാണെന്ന് താരം വീഡിയോയിലൂടെ വ്യക്തമാക്കി. അവസാനത്തെ സന്ദേശം എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെയാണ് അനുരാഗ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുരാഗ് തന്റെ അവസ്ഥ വിവരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെ ജീവിതം ആകെ മാറിമറിഞ്ഞെന്നും ഇത്തരമൊരു തകർച്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അനുരാഗ് വീഡിയോയിൽ പറയുന്നു.

‘എന്റെ മരണത്തിന് ഉത്തരവാദികൾ എന്റെ അമ്മയും അച്ഛനും സഹോദരനുമായിരിക്കും. എനിക്കിനി ഒന്നും ചെയ്യാനില്ല, കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരുപക്ഷേ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഞാൻ അപ്രത്യക്ഷമായേക്കും. എനിക്ക് ഉറങ്ങണം. അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എന്റെ മനസ് മരവിച്ചിരിക്കുകയാണ്.’-അനുരാഗ് വീഡിയോയിൽ പറഞ്ഞു.

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് അനുരാഗും റിതികയും വിവാഹിതരായത്. എന്നാൽ മിശ്രവിവാഹമായതിനാൽ അനുരാഗിന്റെ കുടുംബം റിതികയുമായുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ബന്ധുക്കളുടെ മുന്നിൽ കാലുപിടിച്ച് മാപ്പ് പറയാൻ തന്നെ നിർബന്ധിച്ചു. ഞങ്ങൾക്ക് സന്തോഷമില്ലെങ്കിൽ നിന്നെയും സന്തോഷിക്കാൻ വിടില്ലെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് അനുരാഗ് പറഞ്ഞു.

ആരാധികയെന്ന നിലയിൽ വർഷങ്ങളോളം സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വർഷം മേയിലായിരുന്നു വിവാഹം. സെപ്തംബറിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും അനുരാഗ് അറിയിച്ചു. എന്നാൽ നിലവിൽ റിതിക തന്നെ ഉപേക്ഷിച്ചു പോയെന്നും താൻ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അനുരാഗ് വീഡിയോയിൽ വെളിപ്പെടുത്തി

Previous Post Next Post