ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമോ? റിപ്പോർട്ടുകള്‍ പറയുന്നത്

 


ന്യൂഡല്‍ഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കശ്മീര്‍ സന്ദര്‍ശിക്കും. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്താനാകുമെന്ന വിലയിരുത്തുന്നതിനാണിത്.

നേരത്തെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ സെപ്തംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇവിടങ്ങളില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം പ്രദേശത്തെ നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാകുമോയെന്ന് വിലയിരുത്താന്‍ കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്.

മുന്‍പ്, ലോക്സഭ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, തെരഞ്ഞടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാജി. 2027 വരെ ആയിരുന്നു അരുണ്‍ ഗോയലിന്‍റെ കാലാവധി. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനമിറക്കി.

2022 നവംബര്‍ 21 നായിരുന്നു അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ട ആളായിരുന്നു ഗോയല്‍.

Previous Post Next Post