കമൽ ഹാസൻ രാജ്യസഭയിലേക്ക്? ഡിഎംകെയുമായി സഖ്യ ഉടമ്പടിയായി

 


ചെന്നൈ: കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യത്തിലേർപ്പെടും. കമൽ മത്സരിക്കാനായി ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ മറ്റൊരു നിർദ്ദേശം മുമ്പോട്ടു വെച്ചതായാണ് വിവരം. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎ‍ൻഎമ്മിന് ഒരു രാജ്യസഭാ സീറ്റ് നൽകും. ഈ വാഗ്ദാനം കമൽ സ്വീകരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.


ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ കമൽ നേരിട്ടെത്തിയാണ് സഖ്യ ചർച്ച നടത്തിയത്. എംകെ സ്റ്റാലിനും കമൽ ഹാസനും സഖ്യ ഉടമ്പടി ഒപ്പുവെച്ചു. ഏതെങ്കിലും പദവി മോഹിച്ചല്ല മറിച്ച് രാജ്യത്തിനു വേണ്ടിയാണ് ഡിഎംകെയുമായി സഖ്യം ചേരുന്നതെന്ന് കമൽ പറഞ്ഞു. സഖ്യത്തിന് പൂർണ്ണ പിന്തുണ താൻ നൽകുന്നു. 39 ലോക്സഭാ മണ്ഡലങ്ങളിലും പുതുച്ചേരി മണ്ഡലത്തിലും തന്റെ പാർട്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കമൽ ഹാസൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്നാട്.
കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഇതാദ്യമായാണ് മറ്റൊരു കക്ഷിയുമായി സഖ്യത്തിലേർപ്പെടുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 അസംബ്ലി തിരഞ്ഞെടുപ്പിലും പാർട്ടി തനിച്ച് മത്സരിച്ചിരുന്നു.

ഡിഎംകെയുമായി സഖ്യത്തിലുള്ള സിപിഐ തമിഴ്നാട്ടിൽ ഒരു സീറ്റിൽ മത്സരിക്കുന്നുണ്ട്. സിപിഎമ്മും ഒരു സീറ്റിൽ മത്സരിക്കുന്നു. വിടുതലൈ ചിരുതൈകൾ കക്ഷി രണ്ട് സംവരണ സീറ്റുകളിൽ മത്സരിക്കും. രാമനാഥപുരം മണ്ഡലത്തിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. നാമക്കൽ മണ്ഡലത്തില്‍ ഡിഎംകെയുടെ പിന്തുണയോടെ കൊങ്ങുനാട് മക്കൾ ദേശീയ കക്ഷി മത്സരിക്കും. കോൺഗ്രസ്സിന് എത്ര സീറ്റ് നൽകുമെന്നത് ഇനിയും വ്യക്തമായിട്ടില്ല. 10 സീറ്റാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

അതെസമയം എംഎൻഎം ആരെയായിരിക്കും രാജ്യസഭയിലേക്ക് പറഞ്ഞയയ്ക്കുക എന്നതിൽ നിലവിൽ വ്യക്തതയൊന്നുമില്ല. എങ്കിലും പാർട്ടിക്ക് ദേശീയതലത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന പ്രധാന മുഖം കമൽ ഹാസൻ തന്നെയാണെന്ന യാഥാര്‍ത്ഥ്യം നിലനിൽക്കുന്നു.
Previous Post Next Post