അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല…

 


തിരുവനന്തപുരം: വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. എറണാകുളം സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ നഷ്ടമായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകൾ നഷ്‌ടമായിട്ടുണ്ട്. രേഖകൾ നഷ്ട‌മായ വിവരം കഴിഞ്ഞ ഡിസംബറിൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പോൾ അതിന്റെ പകർപ്പുകൾ ലഭ്യമാണോയെന്നും വീണ്ടെടുക്കാനാകുമോയെന്നും ചോദിക്കുകയും ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റുകയും ചെയ്തിരുന്നു. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലെ രേഖകൾ നഷ്ടപ്പെട്ടത് വലിയ വിവാദമായിരുന്നു.എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിൽ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസിൽ വച്ച് കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അർജുൻ എന്ന വിദ്യാർഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാർഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒൻപതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിർത്തുകയും സഹൽ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

Previous Post Next Post