കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; അടിമാലിയിൽ പൊലീസുകാരന് കുത്തേറ്റു, രണ്ടു പേര്‍ പിടിയില്‍.


അടിമാലി ടൗണില്‍ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മൂവർ സംഘം പൊലീസുകാരനെ പിന്തുടർന്നെത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സി.പി. ഒ അനീഷിനാണ് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രി പത്തോടെ അടിമാലി ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുൻപില്‍ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മരുന്നു വാങ്ങാൻ എത്തിയതായിരുന്നു പൊലീസുകാരൻ. ഇവിടെ നിന്നും വീട്ടിലേക്ക് കാറില്‍ പോകവെ ബൈക്കില്‍ പിന്തുടർന്ന മൂവർ സംഘം ഇരുന്നൂറേക്കറില്‍ വെച്ച്‌ കാർ തടഞ്ഞു. ബോണറ്റില്‍ അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ അത്തി കുഴിയില്‍ നായർ സന്തോഷ് എന്ന സന്തോഷ്, ലൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പിടികൂടി. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ട്. പരിക്കേറ്റ പൊലീസുകാരൻ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
Previous Post Next Post