കുടിശ്ശികക്ക് വേണ്ടി ക്ഷേത്ര ട്രസ്റ്റുകൾ കോടതി വാതിലിൽ മുട്ടുന്നത് വേദനാജനകം; യോഗി ഇടപെടണമെന്നും ഹൈക്കോടതി



അലഹബാദ്: ഉത്തർ പ്രദേശിൽ ക്ഷേത്രങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ കുടിശ്ശിക വന്ന വിഷയത്തിൽ ഇടപെട്ട് അലഹബാദ് ഹൈക്കോടതി. ക്ഷേത്രങ്ങൾക്ക് കുടിശ്ശിക വരുന്നതും ആ കുടിശികയ്ക്കായി ക്ഷേത്രങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നതും വേദനാജനകമാണെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ അഭിപ്രായപ്പെട്ടു. യു പിയിലെ താക്കൂർ രംഗ്ജി വിരാജ്മാൻ മന്ദിർ കമ്മറ്റിയടക്കം നൽകിയ കേസിലാണ് ഹൈക്കോടതിയുടെ പരാമർശം. താക്കൂർ രംഗ്ജി മഹാരാജ് വിരാജ്മാൻ മന്ദിരമടക്കം വൃന്ദാവനിലെ 8 ക്ഷേത്രങ്ങൾക്ക് നാല് വർഷമായി വാ‍ർഷിക ഫണ്ട് കുടിശ്ശിക വരുത്തിയിരുന്നു. വിഷയത്തിൽ യു പി റവന്യൂ ബോർഡ് കമ്മീഷണർ നേരിട്ട് ഹാജരായി എന്തുകൊണ്ടാണ് കഴിഞ്ഞ നാല് വർഷത്തെ ഫണ്ട് കുടിശ്ശിക വരുത്തിയതെന്ന് വിശദീകരിക്കണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.

ക്ഷേത്രങ്ങൾക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ കൃത്യമായി നൽകണമെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉത്തർപ്രദേശിലെ റവന്യൂ ബോർഡ് കമ്മീഷണർ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സമൻസ് നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രങ്ങൾക്കുള്ള ഫണ്ട് കുടിശ്ശിക വരുത്തരുതെന്നും സംസ്ഥാന ഖജനാവിൽ നിന്ന് ക്ഷേത്രത്തിന്‍റെ അക്കൗണ്ടിലേക്ക് ഫണ്ട് കൃത്യമായി എത്തണമെന്നും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൽ നിന്ന് കുടിശ്ശിക അനുവദിക്കുന്നതിന് ക്ഷേത്രങ്ങൾക്കും ട്രസ്റ്റുകൾക്കും കോടതിയുടെ വാതിലുകളിൽ മുട്ടേണ്ടിവരുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ഷേത്രങ്ങൾക്കുള്ള ഫണ്ട് കൃത്യമായി വിട്ടുനൽകുന്നതിന് ആവശ്യമായ നടപടികൾ എടുക്കണമായിരുന്നെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വീഴ്ച വന്നതിനാൽ യു പി റവന്യൂ ബോർഡ് കമ്മീഷണർ നേരിട്ട് ഹാജരായി ഇതിന് ഉത്തരം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Previous Post Next Post