വിശ്വാസത്തിന്റെ നിറവിൽ ഓസ്റ്റിൻ സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി


 *ടെക്സാസ്:* അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്സാസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ സ്ഥിതിചെയ്യുന്ന സിറിയൻ യാക്കോബായ സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി.

മാർച്ച് 30 ന് രാത്രി 9.30ന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വികാരി റവ: ഡോ: സാക് വർഗീസ് കൊടിയേറ്റ് കർമം നിർവഹിച്ചു.

വിശ്വാസത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നതാണ് ഓസ്റ്റിനിലെ സെന്റ് തോമസ് മലങ്കര യാക്കോബായ ദേവാലയം. ഏപ്രിൽ 6 നാണ് മുഖ്യ പെരുന്നാൾ നടക്കുക. അന്ന് വൈകുന്നേരം 4:15 ന് അമേരിക്ക–കാനഡ ഭദ്രാസനാധിപൻ യെൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തയെ ദേവാലയത്തിലേക്ക് സ്വീകരിക്കും. തുടർന്ന് നമസ്കാരവും വിശുദ്ധ കുർബാനയും അർപ്പിക്കും. 

ഭക്തിനിർഭരമായ പ്രദക്ഷണത്തിനുശേഷം സൺഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും വാർഷികവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് 7:15ന് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വാർഷിക ബേക് സെയിലിന് പുറമെ പള്ളിയുടെ ആഭിമുഖ്യത്തിൽ വിപുലമായ നാടൻ, കോണ്ടിനെന്റൽ വിഭവങ്ങളുടെ ഭക്ഷ്യമേളയും പെരുന്നാളിൻ്റെ ഭാഗമായി നടക്കും. 

ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളി മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് റെജി പൗലോസ് , സെക്രട്ടറി ജേക്കബ് തോമസ്, ട്രസ്റ്റി അനീഷ് തോമസ് , കമ്മിറ്റി അംഗങ്ങളായ എൽദോ ഷാജൻ , ലവ്ലിൻ ഏബ്രഹാം, സ്മിത വർഗീസ് , സൺഡേസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജിജി, കൊയർ ലീഡർ ബാബു പാറക്കമണ്ണിൽ സെന്റ് പോൾ ആൻഡ് സെന്റ് മേരീസ് ഫെല്ലോഷിപ്പിന്റെ സാരഥികളായ ജിജി ഏബ്രഹാം, ഇൻപാ സക്കറിയ തുടങ്ങിയവരാണ് വിപുലമായ പെരുന്നാൾ ക്രമീകരണങ്ങൾ നടത്തിവരുന്നത്.

വിശുദ്ധ തോമാ ശ്ലീഹായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ടുള്ള നേർച്ച കാഴ്ചകളോടു കൂടി പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാൻ വിശ്വാസികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഡോ. സാക് വർഗീസ് പറഞ്ഞു.
Previous Post Next Post