ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു, പോകുന്നില്ല; ഇടതിനൊപ്പം തന്നെയെന്ന് എസ് രാജേന്ദ്രൻകൊച്ചി: ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി വീണ്ടും എസ് രാജേന്ദ്രൻ. സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ചേരുന്നുവെന്ന അഭ്യൂഹം ഏറെ നാളായി നിലനില്‍ക്കുന്നു. ഇപ്പോൾ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയിലേക്ക് ഇല്ലെന്ന വ്യക്തത വരുത്തുകയാണ് എസ് രാജേന്ദ്രൻ.

പ്രകാശ് ജാവദേക്കറെ കണ്ടത് സൗഹൃദസന്ദര്‍ശനം. മുമ്പേ ജാവദേക്കറുമായിസൗഹൃദമുണ്ട്, ബിജെപി പ്രവേശം ചര്‍ച്ച ചെയ്തില്ല, ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം തന്നെയാണെന്നും സ്ഥിരീകരിച്ച് എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നു, എന്നാല്‍ പോകുന്നില്ല, സിപിഎമ്മിനൊപ്പം നില്‍ക്കാൻ തന്നെയാണ് തീരുമാനമെന്നും എസ് രാജേന്ദ്രൻ.

പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങൾ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇപ്പോൾ പാര്‍ട്ടിയിൽ അത്ര സജീവമല്ലെന്നും എസ് രാജേന്ദ്രൻ. സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം ഇദ്ദേഹത്തെ തിരിച്ച് പാര്‍ട്ടിയിലേക്ക് എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ ഇടുക്കിയില്‍ തന്നെയുള്ള ചില നേതാക്കളാണ് തടസം സൃഷ്ടിക്കുന്നതെന്ന് നേരത്തെ എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു. ഇടുക്കിയിൽ ഇടത് തന്നെ ജയിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

Previous Post Next Post