പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ



ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അമേരിക്കയുടെ പ്രതികരണം അനാവശ്യവും അനുചിതവും തെറ്റായതുമാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.മുസ്‍ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന സി.എക്കെതിരെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും രംഗത്തുവന്നിരുന്നു.സി.എ.എ ചട്ടങ്ങളുടെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നാണ് അമേരിക്ക പ്രതികരിച്ചത്. നിയമം നടപ്പാക്കുന്നതെങ്ങനെയെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.

‘2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഈ നിയമം സുരക്ഷിത താവളമൊരുക്കും. സി.എ.എ പൗരത്വം നൽകാനുള്ളതാണ്, ആരുടെയും പൗരത്വം എടുത്തുകളയാനല്ല, ഇക്കാര്യം അടിവരയിട്ടു പറയുന്നു. ഇത് രാജ്യമില്ലായ്മയുടെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു, മനുഷ്യരുടെ അന്തസ്സിനെയും മനുഷ്യാവകാശങ്ങളെയും പിന്തുണക്കുന്നു’ -വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചു.ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുടെ സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post