ഡ്യൂട്ടിക്കിടെ മദ്യപാനം: 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി


തിരുവനന്തപുരം: മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. 60 യൂണിറ്റുകളിലായി കെഎസ്ആര്‍ടിസിയിലെ 74 ജീവനക്കാരെ സസ്‌പെന്‍റ് ചെയ്യുകയും 26 പേരെ സര്‍വീസില്‍ നിന്നും നീക്കുകയും ചെയ്തു. 2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെഎസ്ആര്‍ടിസിയിൽ നടന്ന വിജിലൻസ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപടി.
60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സർജന്‍റ്, ഒമ്പത് സ്ഥിര മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർമാർ, 9 ബദൽ കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ, അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.
ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്. ഇതിന്‍റെ ചുവട് പിടിച്ചാണ് പ്രത്യേക പരിശോധന നടത്തിയത്.ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് നിരുത്തരവാദപരമായ രീതി അനുവര്‍ത്തിച്ചു വരുന്നതായി കാണപ്പെടുന്നു. അത് ഒരുതരത്തിലും അനുവദിച്ചു നല്‍കുവാനാകില്ല.
യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ണമായും കോർപ്പറേഷനിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ഇതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ് അറിയിച്ചു.

Previous Post Next Post