ഹരിപ്പാട് അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ നൽകാത്തതിന്…മലയാളി പിടിയിൽ…


ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനൽ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണൻ. ഡണാപ്പടിയിൽ മീൻ കട നടത്തുന്ന ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുത്തിയത് ഇവരല്ലെന്ന് തെളിഞ്ഞത്. 500 രൂപ നൽകണമെന്നും തിരികെ ഗൂഗിൾ പേ ചെയ്ത് തരാമെന്നും യദു കൃഷ്ണൻ ഓം പ്രകാശിനോട് പറഞ്ഞു. പണം നൽകാതെ വന്നപ്പോഴാണ് ഇടതു നെഞ്ചിന് മുകളിൽ കുത്തിയത്. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനു സമീപത്തു നിന്നാണ് യദുകൃഷ്ണനെ പിടികൂടിയത്.


Previous Post Next Post