എം ജി യിലെ ലൈബ്രറിക്ക് പുതിയ മുഖം നല്‍കി ഫാ. ജോണ്‍; ആദരവര്‍പ്പിച്ച് സര്‍വകലാശാല

കോട്ടയം : കളക്ഷനല്ല, കണക്ഷനാണ് പ്രധാനം-കാലത്തിനൊത്ത് ലൈബ്രറികള്‍ക്കുണ്ടാകേണ്ട മാറ്റത്തേക്കുറിച്ച് ഫാ. ജോണ്‍ നീലങ്കാവിലിന്റെ ആശയം ഇതാണ്. ലൈബ്രറികളിലെ അന്തരീക്ഷം വായനക്കാരെ അവിടേയ്ക്ക് അടുപ്പിക്കുന്ന രീതിയിലായിരിക്കണം എന്നാണ് ഇതിന്റെ സാരം. അദ്ദേഹത്തിന്റെ ഇതേ ആശയത്തിലൂന്നിയാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ലൈബ്രറി അടുത്തയിടെ മനോഹരമായി നവീകരിച്ചത്.

ബാംഗളൂര്‍ ധര്‍മാരം വിദ്യാ ക്ഷേത്രത്തിലെ ലൈബ്രേറിയനായ ഫാ. ജോണിന്റെ ആശയങ്ങളുടെ മികവില്‍ ഇതിനോടകം രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി തൊണ്ണൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികള്‍ കാലോചിതമായി സജ്ജീകരിച്ചിട്ടുണ്ട്. സര്‍വകലാശാലാ ലൈബ്രറികളിലെ സ്ഥലവിനിയോഗം സംബന്ധിച്ച ഗവേഷണത്തിന് പി.എച്ച്.ഡി നേടിയ ഇദ്ദേഹം 2003 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

പുസ്തകങ്ങളുടെ എണ്ണത്തിനും വലിയ ബുക്ക് റാക്കുകള്‍ക്കുമപ്പുറം അറിവന്വേഷിക്കുന്ന എല്ലാവര്‍ക്കും സ്വസ്ഥമായി ഏറെ നേരം ഇരിക്കാന്‍ കഴിയുന്ന രീതിയിലുള്ള അന്തരീക്ഷത്തിനാണ് പുതിയ കാലത്ത് ലൈബ്രറികള്‍ സജ്ജീകരിക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. ഒരുപാട് ആശങ്ങള്‍ പിറക്കുന്ന സ്ഥലമെന്ന പ്രധാന്യം ലൈബ്രറികള്‍ക്ക് നല്‍കാനാകണം. നവീകരിച്ച മഹാത്മാ ഗാന്ധി സര്‍വകലാശാലാ ലൈബ്രറിയുടെ അന്തരീക്ഷം കൂടുതല്‍ വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ പോന്നതാണ്-അദ്ദേഹം പറഞ്ഞു.

നവീകരണത്തിന്റെ തുടര്‍ച്ചയായി ഇന്നലെ ലൈബ്രറിയില്‍ നടന്ന അക്കാദമിക് ഓഡിറ്റ് പരിപാടിയോടനുബന്ധിച്ച് ഫാ. ജോണ്‍ നീലങ്കാവിലിനെയും ലൈബ്രറി നവീകരണ ജോലികള്‍ ഏകോപിപ്പിച്ച അജിത്ത് ജോസ് കുര്യനെയും വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ആദരിച്ചു. 

സര്‍വകലാശാലാ ലൈബ്രറിയിലെ നിലവിലെ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയില്‍ ഉപകരിക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി നടത്തിയ അക്കാദമിക് ഓഡിറ്റില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ബിജു പുഷ്പന്‍, ഡോ. എ. ജോസ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത്, ഐക്യുഎസി ഡയറക്ടര്‍ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ബീന മാത്യു, സെനറ്റ് അംഗം എം.എസ്. സുരേഷ്, സമീര വിജയന്‍, ലൈബ്രേറിയന്‍ ലത അരവിന്ദ്, സി.ടി. സണ്ണി, സിജു ജോസ് എന്നിവര്‍ സംസാരിച്ചു.
Previous Post Next Post