സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയെ രക്ഷിക്കാൻ ബോബി ചെമ്മണൂരിന്‍റെ 'യാചക യാത്ര'

തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്‍റെ മോചിപ്പിക്കുന്നതിനുള്ള തുക സ്വരൂപിക്കാനായി യാചക യാത്ര നടത്തി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റാണ് യാചക യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ബസ് സ്റ്റാൻഡുകളിലും റയിൽവേ സ്റ്റേഷനുകളിലും കയറി പൊതുജനങ്ങളോട് സഹായം യാചിച്ച് പണം സ്വരൂപിക്കാനാണ് ബോബി ചെമ്മണൂരിന്‍റെ ശ്രമം.
സ്പോൺസറുടെ മകന്‍റെ മരണത്തിന് കാരണക്കാരനായെന്ന കുറ്റത്തിനാണ് കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിനെ ജയിലിൽ അടച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി അസ്വസ്ഥത കാണിച്ചപ്പോൾ സഹായിക്കാൻ ശ്രമിച്ച അബ്ദുൽ റഹീമിന്‍റെ കൈ തട്ടി കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ച ജീവൻ രക്ഷാ ഉപകരണം നിലച്ചതാണ് മരണത്തിന് കാരണമായത്. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് കോടതി അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചു.

34 കോടി രൂപയാണ് വധശിക്ഷ ഒഴിവാക്കുന്നതിനായി ആവശ്യമുള്ളത്. ഇതിൽ നാലുകോടി രൂപ ഇപ്പോൾ സ്വരൂപിച്ചതായി ബോബി ചെമ്മണൂർ പറയുന്നു. ബാക്കി 30 കോടി രൂപയ്ക്കു വേണ്ടി മലയാളികൾക്കു മുന്നിൽ യാചിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും കേരളം മുഴുവൻ ഇതിനായി യാചക യാത്ര നടത്തുമെന്നും ബോബി പറയുന്നു.
ബോബി ചെമ്മണൂരിന്‍റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴിയും പണം സ്വരൂപിക്കുന്നുണ്ട്. അബ്ദുൽ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്കാണ് പണം സ്വരൂപിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിൽ ഇളവു തേടി കന്ദ്ര വിദേശകാര്യമന്ത്രാലയം വഴി അപേക്ഷ നൽകിയിട്ടുമുണ്ട്.Previous Post Next Post