കോട്ടയം / പാമ്പാടി : പല രൂപത്തിൽ ജനങ്ങളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഗ്രാമപഞ്ചായത്തും കരമായും ഫീസായും വാങ്ങുന്ന പണമാണ് ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരുന്നതെന്നും അത് ജനങ്ങൾക്ക് സേവനമായും അടിസ്ഥാന സൗകര്യ വികസനമായും നൽകുന്ന പദ്ധതികളുമായി പാമ്പാടി ഗ്രാമപഞ്ചായത്ത്. 50 കോടി(50,18,11,885) രൂപ വരവും 47 കോടി രൂപ(47,76,77,000)ചെലവും രണ്ടരക്കോടി രൂപ(2,41,34,885)മിച്ചവും ഉള്ള ബഡ്ജറ്റ് ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോളി പി ഐസക്ക് അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുനക്രമീകരണവും ലിഫ്റ്റ് സ്ഥാപിക്കലും പുനരുദ്ധാരണവും മിനി ഷോപ്പിംഗ് കോംപ്ലക്സിന്റെയും കാർഷിക വിപണന കേന്ദ്രത്തിന്റെയും ചന്തയിലെ കെട്ടിടത്തിന്റെയും നവീകരണവും കമ്മ്യൂണിറ്റി ഹാൾ എയർ കണ്ടീഷൻ ചെയ്യുന്നതും ഉൾപ്പെടെ ഉള്ള കെട്ടിട പുനരുദ്ധാരണകളും തനത് ഫണ്ട് ചെലവിട്ടും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളാണ് ബഡ്ജറ്റിൽ ഉള്ളത്. തെരുവ് വിളക്ക് പരിപാലനത്തിന് ക്രെയിൻ പിടിപ്പിച്ച വാഹനവും പാലിയേറ്റീവ് കെയറിനും ഹരിത കർമ്മ സേനയ്ക്കും വാഹനം വാങ്ങുന്നതിനും പദ്ധതിയുണ്ട്. നിലച്ചുപോയ പ്രാദേശിക കുടിവെള്ള പദ്ധതികൾ പുനരു ജീവിപ്പിക്കുന്നതിനും ഉള്ളവ ശക്തിപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും കുഴൽക്കിണറുകളുംജല ജലഭ്യതയുള്ള കുളങ്ങളും കിണറുകളും ചെറുകിട കുടിവെള്ള പദ്ധതികൾ ആക്കുന്നതിനും പരിപാടിയുണ്ട്
. ജലസ്രോതസ്സുകളും പൊതു ഇടങ്ങളും മലിന പ്പെടു ത്തുന്നവരെ പിടികൂടാൻ ക്യാമറകൾ പിടിപ്പിച്ച് ഈടാക്കുന്ന പിഴകളും മറ്റുള്ളവർക്ക് ദ്രോഹകരമാം വിധം പറമ്പുകൾ വനം ആക്കുന്നവരിൽ നിന്നും അനധികൃതമായി നായകളെ വളർത്തുന്നവരിൽ നിന്നും ഈടാക്കുന്ന പിഴയും ഗ്രാമപഞ്ചായത്തിന്റെ വരുമാനമായി മാറും. പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും കെട്ടിടങ്ങളുടെ എല്ലാ മുറികളുടെയും ഷട്ടർ ഉയരും വിധം വ്യാപാര, വ്യവസായ, സംരംഭക സൗഹൃദം പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റും. ബസ് സ്റ്റാൻഡിന്റെ ഉൾപ്പെടെ വികസനം സ്വകാര്യസംരംഭകരുടെയും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും വിദേശ മലയാളികളുടെയും സഹായത്തോടെ യാഥാർത്ഥ്യമാക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നു. വെള്ളൂരിൽ കമ്മ്യൂണിറ്റി ഹാളും ഗ്രാമപഞ്ചായത്തിന് സ്വന്തം പി എച്ച് സെന്ററും വിഭാവനം ചെയ്തിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ട് കളികൾക്കുതകും വിധം ആക്കുന്നതോടൊപ്പം പുതിയ കളിസ്ഥലം വാങ്ങുവാനും നാടൻ പന്തുകളിക്കും നാട്ടിലെ ക്ലബ്ബുകൾക്കും സഹായവും വരെ ബഡ്ജറ്റിൽ ഉണ്ട്. വത്തിക്കാൻ ഉൾപ്പെടെയുള്ള ഗ്രാമീണ ടൂറിസ സാധ്യത വികസനവും സ്ഥിരം പദ്ധതികൾക്ക് അപ്പുറമുണ്ട്. ശേഷിക്കുന്ന ക്ഷീരകർഷകരെ എങ്കിലും ഈ മേഖലയിൽ പരമാവധി സഹായം നൽകി നിലനിർത്തും. കർഷകന്റെ പൊതുവിപണി തുറന്നു പ്രവർത്തിക്കുവാൻ പദ്ധതിയുണ്ട്. വനിതകൾക്ക് ഫിറ്റ്നസ് സെന്ററും കരാട്ടെ പരിശീലനവും യൂണിഫോമും ബഡ്ജറ്റിൽ ഉണ്ട്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ തല മറകളുടെ ഉന്നമനത്തിന് ഗുണം ചെയ്യുന്ന പദ്ധതികളും ബഡ്ജറ്റിൽ ഉണ്ട്. പഞ്ചായത്ത് ഭരണസമിതിയോടും പഞ്ചായത്ത് ഭരണസമിതിയും സഹകരിച്ചു പോകുന്ന എം പിയുടെയും എം എൽ എയുടെയും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹായസഹകരണങ്ങളും കാര്യഗ്രാഹ്യവുംകർമ ശേഷിയും ഉള്ള ആസൂത്രണ സമിതി അംഗങ്ങളുടെയും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായിരുന്ന കെ റ്റി ചക്കൊയുടെയും, പി. എച്ച് കുര്യന്റെയും ഇടപെടലുകളും നാളിതുവരെ ഉണ്ടായിട്ടില്ലാത്ത പ്രകടമായ വികസനത്തിന് സഹായകമാകുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു.