‘ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?’; മോദിക്കെതിരെ പരിഹാസവുമായി മമത


കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം അവസാനിച്ചയുടൻ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ധ്യാനത്തിനിടയിലെ കാമറയുടെ സാന്നിധ്യത്തിനെതിരെയാണ് അവർ രംഗത്തെത്തിയത്.

‘ആർക്കും പോയി ധ്യാനിക്കാം… എന്നാൽ, ആരെങ്കിലും ധ്യാനത്തിന് കാമറയുമായി പോകുമോ?. തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പാണ് അദ്ദേഹം ധ്യാനത്തിന്റെ പേരിൽ പോകുന്നതും എ.സി മുറിയിൽ ഇരിക്കുന്നതും. എന്തു​കൊണ്ടാണ് ഒരു പാർട്ടിയും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം സംപ്രേഷണം ചെയ്താൽ അത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകും’ -മമത മുന്നറിയിപ്പ് നൽകി.

മേയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് തിരിക്കും. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് ഇതിനായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്.

ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെയാണ് തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകുക. 2019ല്‍ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പ്രധാനമന്ത്രി ധ്യാനം ഇരുന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്നതിന്റെ ഓർമക്കായി 1970ലാണ് സ്മാരകം പണിതത്. 
Previous Post Next Post