ദലിത് വിദ്യാർത്ഥിയെ സഹപാഠികൾ കത്തുന്ന മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ടു; എട്ടാം ക്ലാസ്സുകാരന്..


കത്തുന്ന മാലിന്യക്കുഴിയിലേക്ക് ദലിത് വിദ്യാർത്ഥിയെ തള്ളിയിട്ട് സഹപാഠികൾ. തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ കുന്നത്തൂരിൽ കറുപ്പണ്ണ നാടാർ ഹൈസ്കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സഹപാഠികൾ തീയിലേക്ക് തള്ളിയിട്ടത്. സംഭവത്തെത്തുടർന്ന് മെർകുപതി സ്വദേശിയായ 13കാരന് ​ഗുരുതരമായി പൊള്ളലേറ്റു. ജാതീയമായ അതിക്രമമാണ് കുട്ടിക്ക് നേരെയുണ്ടായതെന്ന് 13കാരന്റെ പിതാവ് ആരോപിച്ചു.

സ്കൂൾ വിട്ട ശേഷം ക്ലാസിലെ ചപ്പുചവറുകൾ മാലിന്യക്കുഴിയിൽ കളയാൻ പോവുകയായിരുന്നു കുട്ടി. ഈ സമയം പിന്നാലെയെത്തിയ മറ്റ് രണ്ട് വിദ്യാർഥികൾ 13കാരന്റെ കൈകാലുകൾ പിടിച്ച് കത്തുന്ന മാലിന്യക്കുഴിയിലേക്ക് എറിയുകയായിരുന്നെന്നാണ് പരാതി. കരച്ചിൽ കേട്ടെത്തിയ മറ്റ് കുട്ടികളാണ് തീയിൽ കിടന്ന് പുളയുകയായിരുന്ന കുട്ടിയെ രക്ഷിച്ചത്.

കൈകളിലും പിൻഭാ​ഗത്തും ​ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുന്നത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജിലേക്കും പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി. രണ്ട് സഹപാഠികൾ തന്റെ കൈകളും കാലുകളും പിടിച്ച് തീയിലേക്ക് എറിയുകയായിരുന്നെന്ന് പരിക്കേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ജാതിയുടെയും നിറത്തിന്റേയും പേരു പറഞ്ഞ് ആറാം ക്ലാസ് മുതൽ തന്റെ മകനെ ഈ രണ്ട് സഹപാഠികൾ അധിക്ഷേപിക്കാറുണ്ടായിരുന്നെന്ന് 13കാരന്റെ മാതാവ് പറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ ക്ലാസിലെ അധ്യാപകർ പോലും തന്റെ മകനെ കളിയാക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.

Previous Post Next Post