അമ്പൂരിയിൽ ഗുണ്ടാവിളയാട്ടം; പാസ്റ്റർക്ക് വെട്ടേറ്റു, പ്രദേശത്തെ വീടും വാഹനങ്ങളും അടിച്ചുതകർത്തു


തിരുവനന്തപുരം: വെള്ളറട അമ്പൂരിക്ക് സമീപം കണ്ണൂരിൽ വീടുകൾ കയറി ഗുണ്ടാവിളയാട്ടം. പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പ്രദേശത്തെ വീടും വാഹനങ്ങളും തകർക്കുകയും ചെയ്തു. ഗുണ്ടകളുടെ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10ന് നാലു പേരടങ്ങുന്ന സംഘമാണ് വാളും കത്തിയുമായി അഴിഞ്ഞാടിയത്.

വെള്ളറട കോട്ടയം വിള സ്വദേശി സരിതയെയും ഭർത്താവ് രതീഷിനെയും അക്രമിച്ചു. അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച കൺസ്യൂമർ ഫെഡിലെ സഹപ്രവത്തകനായ ബിജിലാലിനും മർദനമേറ്റു. വെള്ളറടയിൽ നിന്ന് ആറു കാണിയിലേക്കു പോകുകയായിരുന്ന പാസ്റ്റർ അരുൾ ദാസി നെയും മകനെയും ആക്രമിച്ചു. പണം ആവശ്യപ്പെട്ട് അരുൾ ദാസിനെ വെട്ടിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ മെഡിക്കൽ കോളേജിലും ഇപ്പോൾ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിനിടെ സമീപത്തെ ജയകുമാറിൻ്റെ വീട്ടിനുള്ളിലേക്ക് പടക്കമെറിഞ്ഞ് പൂട്ടുതകർത്ത് വീടിനുള്ളിൽ കയറി ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഭാര്യ ലതയെയും അക്രമിക്കാനും ശ്രമിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഗൃഹ പ്രവേശം കഴിഞ്ഞതാണ്. ഈ വീടിൻ്റെ മുകളിലെ ലൈറ്റിൽ നിന്ന് വെളിച്ചം എതിർവശത്ത് താമസിക്കുന്ന അക്രമികളുടെ വീടിനു സമീപം പതിക്കുന്നു എന്ന കാരണം പറഞ്ഞാണ് വീട് അടിച്ചു തകർത്തത്. 
Previous Post Next Post