വി വി പാറ്റ് കേസില്‍ നിര്‍ണായക വിധി; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി:ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായും (ഇ.വി.എം.) വി.വി.പാറ്റുമായും ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. മുഴുവന്‍ വി.വി.പാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണം, വോട്ടെടുപ്പിനുശേഷം വി.വി.പാറ്റ് സ്ലിപ്പ് ബാലറ്റുപെട്ടിയില്‍ നിക്ഷേപിക്കാന്‍ വോട്ടര്‍മാരെ അനുവദിക്കണം, പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകണം എന്നീ ആവശ്യങ്ങളുമായി നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. തിരഞ്ഞെടുപ്പുസംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യസംശയങ്ങള്‍ക്ക് വഴിവെക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഒരേ അഭിപ്രായത്തിലുള്ള രണ്ടുവിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.

വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വ്യാജപരാതി ഉന്നയിക്കുന്ന വോട്ടര്‍മാര്‍ക്ക് ശിക്ഷ വ്യവസ്ഥചെയ്യുന്ന തിരഞ്ഞെടുപ്പുചട്ടത്തെ ചോദ്യംചെയ്തതും കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പിന്റെ സുതാര്യതയും വിശ്വാസ്യതയുമുറപ്പാക്കാന്‍ വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട രണ്ടുനിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവെച്ചു. ചിഹ്നം ചേര്‍ക്കുന്ന യൂണിറ്റുകളും ഇ.വി.എമ്മിനൊപ്പം മുദ്രവെച്ച് സൂക്ഷിക്കണം, രണ്ടും മൂന്നും സ്ഥാനത്തെ സ്ഥാനാര്‍ഥികള്‍ക്ക് ഇ.വി.എമ്മിലെ പ്രോഗ്രാം പരിശോധിക്കാന്‍ അവസരം നല്‍കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണാന്‍ യന്ത്രം കൊണ്ടുവരുന്നതും ചിഹ്നത്തിനൊപ്പം ബാര്‍കോഡ് നല്‍കുന്നതും പരിശോധിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന കമ്മിഷനോട് നിര്‍ദേശിച്ചു.

രാജ്യത്തിന്റെ നേട്ടങ്ങളെ കുറച്ചുകാണിക്കാനും പുരോഗതിയെ ദുര്‍ബലപ്പെടുത്താനും ചില നിക്ഷിപ്ത താത്‌പര്യക്കാര്‍ കുറച്ചുവര്‍ഷമായി രംഗത്തുണ്ടെന്നും അതിനെ മുളയിലേ നുള്ളേണ്ടതുണ്ടെന്നും ജസ്റ്റിസ് ദിപാങ്കര്‍ ദത്ത വിധിപ്രസ്താവത്തില്‍ പറഞ്ഞു. പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം തള്ളിക്കൊണ്ടായിരുന്നു നിരീക്ഷണം.

തിരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ നിയമപോരാട്ടം നടത്തിയ സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആര്‍.) വി.വി.പാറ്റ് വിഷയത്തിലും സുപ്രീകോടതിയെ സമീപിച്ചിരുന്നത്
Previous Post Next Post