ഗൾഫിൽ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ രണ്ട് മലയാളി യുവാക്കളെ കാണ്മാനില്ല


യുഎഇയിൽ നിന്ന് തായ്‌ലന്റിലേക്ക് ജോലിക്കായി പോയ രണ്ട് മലയാളി യുവാക്കളെ കാണ്മാനില്ലെന്ന് പരാതി. ഓൺലൈൻ വഴി നടന്ന ഇന്റർവിവിലൂടെയാണ് ഇവർക്ക് ജോലി ലഭിച്ചത്. മലപ്പുറം സ്വദേശികളായ യുവാക്കളെ പറ്റി ഒരാഴ്ചയായി വിവരമില്ല. 22ന് രാത്രിയാണ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. തായ്‌ലൻഡ് അതിർത്തിയിലെ പുഴ കടന്ന് മ്യാൻമറിലേക്കു കൊണ്ടുപോയെന്നു പറഞ്ഞ് ഇരുവരും ഭാര്യമാർക്കു ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വള്ളിക്കാപ്പറ്റ കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ എന്നിവരെയാണു 22 മുതൽ കാണാതായത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഇന്ത്യൻ എംബസിക്കും നോർക്ക റൂട്ട്സിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. ശുഹൈബും സഫീറും നേരത്തേ ഗൾഫിൽ ജോലി ചെയ്തിരുന്നു. പിന്നീട് കുറച്ചുകാലം നാട്ടിലുണ്ടായിരുന്നു. മാർച്ച് 27ന് സന്ദർശക വീസയിലാണ് ഇരുവരും വീണ്ടും ദുബായിലെത്തിയത്. ജോലിക്കായി ശ്രമിക്കുന്നതിനിടെ ഓൺലൈൻ അഭിമുഖത്തിലൂടെ തായ്‌ലൻഡിൽ ജോലി ലഭിച്ചു.
Previous Post Next Post