നിയമസഭാ സമ്മേളനത്തിന് ശേഷം ചിത്രം മാറും; 19 എംഎല്‍എമാര്‍ മടങ്ങിയെത്തുമെന്ന് പവാര്‍പക്ഷ നേതാവ്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എംഎല്‍എമാര്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം ശരദ് പവാര്‍ പക്ഷത്ത് തിരിച്ചെത്തുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് രോഹിത് പവാര്‍. 2023ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം ഭൂരിഭാഗം എംഎല്‍എമാരും ശരദ് പവാറിനും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ഒരക്ഷരം ഇന്നുവരെ മോശമായി പറഞ്ഞിട്ടില്ലെന്നും രോഹിത് പവാര്‍ പറഞ്ഞു.

നിയോജക മണ്ഡലങ്ങളുടെ വികസനത്തിന് ഫണ്ട് ആവശ്യമുള്ളതിനാല്‍ അവര്‍ നിയമസഭ സമ്മേളനം തീരുന്നത് വരെ കാത്തിരിക്കും. അതിന് പിന്നാലെ അവര്‍ തിരിച്ചെത്തുമെന്നും ശരദ് പവാറിന്റെ ചെറുമകന്‍ കൂടിയായ രോഹിത് പവാര്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്ന 19 എംഎല്‍എമാരുണ്ട്. അവരില്‍ ആരെയൊക്കെ തിരിച്ചെടുക്കണമെന്ന കാര്യത്തില്‍ ശരദ് പവാറും മുതിര്‍ന്ന നേതാക്കളും തീരുമാനമെടുക്കുമെന്നും രോഹിത് പറഞ്ഞു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ 54 സീറ്റുകളില്‍ എന്‍സിപി വിജയിച്ചിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ 40 ഓളം എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം പോയി. നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 27 ന് ആരംഭിച്ച് ജൂലൈ 12 ന് അവസാനിക്കും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്മേളനമാണിത്.


Previous Post Next Post