'മൈക്കിനോട് പോലും അരിശം, കമ്യൂണിസ്റ്റുകാരന് ചേര്‍ന്ന പെരുമാറ്റമല്ല'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനം
പത്തനംതിട്ട: മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികള്‍ കമ്യൂണിസ്റ്റുകാരനു ചേര്‍ന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളില്‍നിന്ന് അകറ്റുമെന്നും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മിറ്റി വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം ഇടത് വോട്ടുകള്‍ പത്തനംതിട്ടയില്‍ ചോര്‍ന്നു. മന്ത്രിമാര്‍ക്ക് പാര്‍ട്ടി കത്ത് കൊടുത്തിട്ട് പോലും തുടര്‍നടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.

തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നും തോല്‍വിയില്‍ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആരോപണം ഇടത് സര്‍ക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനും ഇടയാക്കിയെന്ന് വിമര്‍ശിക്കപ്പെട്ടു. 30 പേരാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞത്. അഞ്ച് പേര്‍ തങ്ങളുടെ അഭിപ്രായം എഴുതി നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും ഹൈബി ഈഡനെതിരായ സ്ഥാനാര്‍ത്ഥി ശക്തയായിരുന്നില്ലെന്നും യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി..

കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അതില്‍ പാര്‍ട്ടിക്കും തനിക്കും പങ്കില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്റേത് മാതൃകാപരമായ നിലപാടായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. മകള്‍ക്കെതിരെയും, കരിമണല്‍ കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ചും ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ല. മുഖ്യമന്ത്രിയും, പാര്‍ട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട ആവശ്യമില്ലാത്ത വാക്കുകളാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
Previous Post Next Post