‘അമ്മ’ വാർഷിക പൊതുയോഗം ഇന്ന്..ജനറൽസെക്രട്ടറിക്കായി കടുത്ത മത്സരം
കൊച്ചി : താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ ‘അമ്മ’യുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും.അധ്യക്ഷനായി മോഹൻലാൽ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേക്ക് എത്തുന്നത്.കാൽനൂറ്റാണ്ടായി തുടർന്നിരുന്ന ജനറൽ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞിരുന്നു. എന്നിലധികം പേർ മത്സരരംഗത്തുള്ളതിനാൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കും. ട്രഷറർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരരംഗത്തുള്ളത്. ആകെ ഭാരവാഹികളില്‍ നാല് പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന.എക്സിക്യൂട്ടീവ് കമ്മറ്റിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ അവസാനഘട്ട നീക്കുപോക്കുകള്‍ നടന്നേക്കാമെന്നും സൂചനയുണ്ട്. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് സംഘടനയിൽ. 3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്. ക്ഷേമപ്രവർത്തനം മുതൽ ഇൻഷുറൻസ് പദ്ധതിയ്ക്ക് വരെ പണം കണ്ടെത്താനുള്ള ചർച്ചകൾ ഇക്കുറിയും നടക്കും
Previous Post Next Post