ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ; ജൂലൈ മൂന്ന് മുതൽ നടപ്പാക്കും
കൊച്ചി: ഏകീകൃത കുർബാനയിൽ അയവുവരുത്തി സിറോ മലബാർ സഭ സിനഡ്. ജൂലൈ 3 മുതൽ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡ് നിർദേശിച്ച ഏകീകൃത രൂപത്തിൽ അർപ്പിക്കണമെന്നാണ് പുതിയ നിർദേശം. ഇത് അനുസരിച്ചാൽ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളിൽ ഇളവ് നൽകുമെന്നും സിനഡ് സർക്കുലറിൽ വ്യക്തമാക്കുന്നു.

നിലവിൽ ഏകീകൃത കുർബാനയർപ്പിക്കുന്നവർക്കും ജൂലൈ 3ന് ശേഷം അത് തുടങ്ങാൻ ആരംഭിക്കുന്നവർക്കും തടസങ്ങളുണ്ടാക്കരുത്. സന്യാസ ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ജൂലൈ 3 മുതൽ ഏകീകൃത കുർബാനയർപ്പിക്കണം. എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുർബാനയ്ക്ക് വചന വേദി നിർബന്ധമാണ്.

സഭയുടെ കൂട്ടായ്മ തകർക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കുലറിൽ പറയുന്നു. അനുരഞ്ജന പ്രക്രിയ ത്വരിതപ്പെടുത്താനും സഭയിലെ മുറിവുകൾ ഉണക്കാനും മേജർ ആർച്ച് ബിഷപ്പ്, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ, അതിരൂപതയിൽ നിന്നുള്ള ബിഷപ്പുമാർ എന്നിവർ നടപടി സ്വീകരിക്കണമെന്നും സിനഡ് വ്യക്തമാക്കി.

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്‍റെ സർക്കുലറിൽ വലിയ തോതിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിനഡിൻ്റെ നയം മാറ്റം. തൃശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു.
Previous Post Next Post