മൂന്ന് ദിവസം മഴ കനക്കും..ജനങ്ങൾ ജാഗ്രത പാലിക്കണം..മുന്നറിയിപ്പ് നൽകി മന്ത്രി…


ന്യൂന മര്‍ദപാത്തി നിലനിൽക്കുന്നതിനാൽ മൂന്ന് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. ഉച്ചയ്ക്ക് വന്ന അലേർട്ട് പ്രകാരം നാളെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അലേർട്ട് എപ്പോഴും മാറാൻ സാധ്യതയുണ്ട്. അളവിൽ കൂടുതൽ മഴ ലഭിക്കുന്നതിനാൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നു എന്ന സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും കെ രാജൻ അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ 69.6 മില്ലി ലിറ്റർ മഴയാണ് ലഭിച്ചത്. കാലവർഷ സീസണിലെ ഏറ്റവും വലിയ മഴയാണ് ലഭിച്ചതെന്നും കെ രാജൻ പറഞ്ഞു. കോട്ടയം ജില്ലയിലെ എടന്നൂരിലാണ് ഈ വർഷം കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഡാമുകൾ ഉള്ളയിടങ്ങളിൽ അപകടകരമായ സാധ്യതകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുറന്ന ഡാമുകളിൽ ആവശ്യമായ വെള്ളം മാത്രമേ പോകുന്നുള്ളൂ. ഒമ്പത് ജില്ലകളിൽ എൻഡിആർഎഫ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഓറഞ്ച് ബുക്കിലെ നടപടിക്രമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടകരമായ നിൽക്കുന്ന മരങ്ങൾ പൂർണമായി മുറിച്ച് മാറ്റാൻ ബന്ധപ്പെട്ട വകുപ്പുകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

ആവശ്യമെങ്കിൽ മലയോര മേഖലകളിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തും. വെള്ളത്തിലിറങ്ങി കായിക പരിപാടിയ്ക്ക് ആരും നിൽക്കരുത്.വനമേഖലയിലുള്ള ട്രക്കിങ്ങിലും ശ്രദ്ധ വേണം. അനാവശ്യമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്. ജില്ലാ കളക്ടർമാർ ആ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.ഗൗരവകരമായ ഇടപെടൽ എല്ലാ മേഖലകളിൽ നിന്നും ഉണ്ടാകണം. പത്തനംതിട്ടയിൽ വെള്ളം കയറിയ കോളനികളിൽ റവന്യൂ ഉദ്യോഗസ്ഥരെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവചിക്കാൻ കഴിയാത്ത ഇടങ്ങളിലൊക്കെയാണ് വെള്ളം കയറിയിരിക്കുന്നത്. അനിവാര്യമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ നിലനിൽക്കുന്നതിനാൽ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Previous Post Next Post