ആവാസ് യോജന തുകയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം പോയത് 11 സ്ത്രീകൾ…


കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി ആവാസ് യോജനയുടെ തുകയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് 11 സ്ത്രീകൾ കാമുകന്മാർക്കൊപ്പം പോയതായി പരാതി. ഉത്തർപ്രദേശിലെ 11 സ്ത്രീകളാണ് ആവാസ് യോജനയുടെ ആദ്യ ഗഡു തുകയായ 40,000 രൂപയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം ഒളിച്ചോടിയത്. റിപ്പോർട്ടുകൾ പ്രകാരം, മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്നുള്ള പതിനൊന്നോളം സ്ത്രീകളാണ് കാമുകന്മാരോടൊപ്പം ഒളിച്ചോടിയിരിക്കുന്നത്. സ്ത്രീകളുടെ ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.
സംഭവത്തെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. കുടുംബത്തിൻ്റെ വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും നൽകും. ആവാസ് യോജന പദ്ധതി വഴി ലഭിക്കുന്ന തുക ദുരുപയോ​ഗം ചെയ്യുന്നതായോ, മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നതായോ കണ്ടെത്തിയാൽ അധികാരികൾക്ക് പണം തിരികെ ചോദിക്കാനുളള അവകാശമുണ്ട്.

Previous Post Next Post