യുവാവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് കത്തിയും നെയില്‍കട്ടറും; അമ്പരന്ന് ഡോക്ടര്‍മാര്‍



ബിഹാര്‍: കിഴക്കന്‍ ചമ്പാരൻ ജില്ലയില്‍ ഒരു യുവാവിന്റെ വയറ്റില്‍ നിന്നും നിരവധി ലോഹവസ്തുക്കള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കീ ചെയിന്‍, ചെറിയ കത്തി, നെയില്‍ കട്ടര്‍ ഉള്‍പ്പെടുന്ന ലോഹവസ്തുക്കളാണ് നീക്കം ചെയ്തത്. ഇവ നീക്കം ചെയ്യുന്നതിനായി ഞായറാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്.

22 കാരനായ യുവാവിനെ ദിവസങ്ങള്‍ക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടര്‍ന്ന് വീട്ടുകാരാണ് ജില്ലാ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. യുവാവ് മാനസികരോഗ ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നും എക്സ്റേ റിപ്പോര്‍ട്ടില്‍ വയറ്റില്‍ ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ സംഘത്തലവന്‍ അമിത് കുമാര്‍ പറഞ്ഞു.

'തുടക്കത്തില്‍, ശസ്ത്രക്രിയയ്ക്കിടെ ഒരു കീച്ചെയിൻ നീക്കം ചെയ്തു.'പിന്നീട്, അയാളുടെ വയറ്റില്‍ നിന്ന് രണ്ട് താക്കോലുകളും നാലിഞ്ച് നീളമുള്ള ഒരു കത്തിയും രണ്ട് നെയില്‍ കട്ടറുകളും പുറത്തെടുത്തു. യുവാവിനോട് ചോദിച്ചപ്പോള്‍, അടുത്തിടെ ലോഹ വസ്തുക്കള്‍ വിഴുങ്ങാറുണ്ടെന്നായിരുന്നു മറുപടി. ഇപ്പോള്‍ യുവാവ് സുഖമായിരിക്കുന്നു, അയാളുടെ അവസ്ഥ മെച്ചപ്പെട്ടു'- ഡോക്ടര്‍ പറഞ്ഞു. അയാള്‍ക്ക് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനായി അദ്ദേഹം മരുന്ന് കഴിക്കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.


Previous Post Next Post