അമ്പലപ്പുഴയിൽ വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു….


അമ്പലപ്പുഴ: നീർക്കുന്നത്ത് വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് നിഗമനം.നീർക്കുന്നം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കേരാ ദിൻ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്.
കൊപ്രാ ഉണക്കുന്ന ഡ്രയറിൻ്റെ ഗ്യാസ് സിലിണ്ടറിറിന് ചോർച്ചയുണ്ടായതാണ് തീപിടിക്കാൻ കാരണം. ഈ സമയം കടയിലുണ്ടായിരുന്ന ഉടമ പി.കെ.രാജീവും, ജീവനക്കാരി സൂര്യയും പുറത്തേക്കിറങ്ങി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും അതി രൂക്ഷമായ പുക കാരണം ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. പിന്നീട് ആലപ്പുഴ തകഴി എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് ഫയർ ഫോഴ്സെത്തി കടയുടെ ചില്ല് തകർത്താണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് 2 മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ കഴിഞ്ഞത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ കൊപ്ര, വെളിച്ചെണ്ണ, യന്ത്രസാമഗ്രികൾ എന്നിവയടക്കം എല്ലാം കത്തി നശിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം മോടിപിടിപ്പിച്ചതിന് ശേഷം ഒരാഴ്ച മുൻപാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.
Previous Post Next Post