കോട്ടയം: വാഹനാപകടത്തില്‍ ഇടതുകൈ മുറിച്ചുമാറ്റിയതു കാരണം ജോലി നഷ്ടപ്പെട്ട യുവാവിന് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച നവി ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് കമ്പനിയുടെ നടപടി നീതികേടാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. സങ്കുചിതമായ രീതിയില്‍ ഇന്‍ഷുറന്‍സ് നിബന്ധനകളെ വ്യാഖ്യാനിച്ച് തുക നിരസിക്കുന്ന കമ്പനിയുടെ നിലപാട് വാഗ്ദാനം ചെയ്ത സേവനത്തിലെ വീഴ്ചയാണെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി. ജോലി നഷ്ടപ്പെട്ടതിനാല്‍ യുവാവിന് ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
ബസ് അപകടത്തെ തുടര്‍ന്ന് ഇടതുകൈ മുറിച്ചുകളയേണ്ടി വന്ന കോട്ടയം വൈക്കം സ്വദേശി വിഷ്ണുരാജാണ് നവി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഇടതുകൈ പൂര്‍ണ്ണമായും മുറിച്ചു കളയേണ്ടി വന്നതോടെ വെല്‍ഡറായുള്ള ജോലിയും നഷ്ടപ്പെട്ടു. ഗ്രൂപ്പ് ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ന്നിരുന്ന വിഷ്ണുരാജ് ഇതോടെ ക്ലെയിം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഇന്‍ഷുറന്‍സ് തുക നിരസിച്ചു കൊണ്ടുള്ള മറുപടിയാണ് കമ്പനി നല്‍കിയത്.
കൈമുറിച്ചു കളഞ്ഞതിനു കാരണം ബസ് അപകടം ആണെന്നും, അത് ഇന്‍ഷുറന്‍സ് കവറേജിന്റെ പരിധിയില്‍ വരുന്നതല്ല എന്നുമായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാട്. വിഷ്ണുരാജ് ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പിലാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അപകടത്തെ തുടര്‍ന്നുണ്ടായ അണുബാധയാണ് കൈമുറിച്ചുകളയാന്‍ കാരണമെന്നും, അതിനാല്‍ ജോലി നഷ്ടപ്പെട്ട യുവാവിന് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള നിയമപരമായ ബാധ്യത കമ്പനിക്ക് ഉണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. 45 ദിവസത്തിനകം ക്ലെയിം നല്‍കണമെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിര്‍ദേശം നല്‍കി.