വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്നും എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പരിഹാരമല്ല. വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ആകെ ചെയ്യാവുന്നത് ആ പ്രദേശത്തുള്ളവരുടെ വായ്പ ആകെ എഴുതിത്തള്ളുക എന്നതാണ്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാര്‍ നല്‍കുക എന്നതാണ്. എന്നാല്‍ ഇതില്‍ ആ നില ബാങ്കുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ. ഇതില്‍ മാതൃകാപരമായ നിലപാട് കേരള കോപ്പറേറ്റീവ് ബാങ്ക് എടുത്തിട്ടുണ്ട്. ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ അവര്‍ സ്വയമേവ തീരുമാനിക്കുകയായിരുന്നു. അത് നിങ്ങളും മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.