പാലക്കാട്: പലിശസംഘത്തിൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ. മനോജ് ആണ് മരിച്ചത്.
ഈ മാസം ഒമ്പതിനായിരുന്നു സംഭവം. കൊടുവായൂരിലാണ് മനോജ് താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെയാണ് പലിശസംഘത്തിൻ്റെ മർദനമേറ്റത്. പിറകിൽ നിന്ന് ഒരാൾ അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. പലിശസംഘമാണ് അക്രമിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
മർദിച്ചവരുടെ പേര് വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പുതുനഗരം കുഴൽമന്ദം പോലീസ് അറിയിച്ചു. മനോജിന് കടബാധ്യതകൾ ഉണ്ടായിരുന്നുവെന്നും അത്തരം സംഘങ്ങൾ മനോജിനെ വേട്ടയാടാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.