രാത്രിയിൽ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റിൽ. അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമെത്തിയത്. ചെട്ടിയാംപാറ പറങ്ങോട്ട് ആനന്ദഭവനില്‍ താമസിക്കുന്ന സോഫിയാ ഖാനെ(27) ആണ് കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കൈലാസനാഥും സംഘവും അറസ്റ്റ് ചെയ്തത്.
അമ്പലക്കുളങ്ങര-നിട്ടൂര്‍ റോഡിലെ കുറ്റിയില്‍ ചന്ദ്രിയുടെ വീട്ടിലാണ് അധികം കേട്ടുകേള്‍വിയില്ലാത്ത മോഷണ ശ്രമം നടന്നത്. അത്യാവശ്യമായി ശുചിമുറിയില്‍ പോകണമെന്നും സൗകര്യം ചെയ്യാമോ എന്നും ചോദിച്ച് സോഫിയ ചന്ദ്രിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയത്ത് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്.
പുറത്തെ ബാത്ത് റൂം കാണിച്ചു കൊടുത്തപ്പോള്‍ യുവതി ചന്ദ്രിയോടും കൂടെ വരാന്‍ ആവശ്യപ്പെട്ടു. രാത്രിയായതിനാല്‍ ഭയം കാരണമാകും എന്നുകരുതി സോഫിയക്കൊപ്പം നടന്ന ചന്ദ്രിയെ യുവതി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും യുവതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ കുറ്റ്യാടി പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ സ്വര്‍ണ മാല വീട്ടുമുറ്റത്ത് നിന്നുതന്നെ കണ്ടെത്തിയിരുന്നു.
പിടിവലിക്കിടെ മാല നിലത്ത് വീണുപോയതാണെന്ന് കരുതുന്നത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ സോഫിയയെ റിമാന്റ് ചെയ്തു. കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിജയന്‍, ദീപ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.