മുണ്ടക്കൈയിൽ ജനകീയ തെരച്ചിലിൽ തിരിച്ചടിയായി കനത്ത മഴ… ഇന്നത്തെ തെരച്ചിൽ നിർത്തി…


വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധന നടത്തും. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.


Previous Post Next Post