യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടി…സൗജന്യ ബാ​ഗേജ് പരിധി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്….


യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ നിയന്ത്രണം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാ​ഗേജിന്റെ പരമാവധി ഭാരം കുറച്ചു. നേരത്തെ 30 കിലോ ആയിരുന്നത് 20താക്കിയാണ് ചുരുക്കിയത്. ആ​ഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ നിയന്ത്രണം ബാധകമാണ്.19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് 20 കിലോ ബാ​ഗേജും ഏഴ് കിലോ ഹാൻഡ് ​ഗേജുമാണ് അനുവദിക്കുക. അതേസമയം 19ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ഭാരം കൊണ്ടുപോകാനാകുമെന്ന് എയർ ഇന്ത്യ പുറപ്പെടുവിപ്പിച്ച പ്രസ്താവനയിൽ പറയുന്നു.

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ യാത്രക്കാർക്ക് മാത്രമാണ് സൗജന്യ ബാ​ഗേജിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് സൗജന്യ ബാ​ഗേജിലെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
സ്വകാര്യ വിമാന കമ്പനികളുടെ പകൽക്കൊള്ളയിൽ‌ വലഞ്ഞിരിക്കുകയാണ് പ്രവാസികൾ. പരിധിയില്ലാത്ത ടിക്കറ്റ് നിരക്കുകളുടെ വർധനയ്ക്ക് പിന്നാലെയാണ് എയർ ഇന്ത്യ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്.

Previous Post Next Post