ദുരന്തം കഴിഞ്ഞു, വീണ്ടും തുടങ്ങി മതംപറഞ്ഞ് വിവാദങ്ങൾ; ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെ ആക്ഷേപിച്ചവർക്കെതിരെ സോഷ്യല്‍മീഡിയ


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച പോര്‍ക്ക് ചലഞ്ചിനെതിരെ സമസ്ത നേതാവിന്റെ പ്രതികരണം അനാവശ്യമെന്ന് വിമര്‍ശനം. ദുരന്തം കഴിഞ്ഞതോടെ മതം പറഞ്ഞുളള വിവാദങ്ങളും തുടങ്ങിയിരിക്കുകയാണ്. ഡിവൈഎഫ്‌ഐ കോതമംഗലം മുന്‍സിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മറ്റിയാണ് പോര്‍ക്ക് ചലഞ്ച് പ്രഖ്യാപിച്ചത്. നാളെയാണ് ചലഞ്ച്. ഒരു കിലോ പോര്‍ക്കിന് 375 രൂപയാണ് വില. ‘ഇറച്ചി വാങ്ങൂ പണം വയനാടിന്’ എന്നാണ് ക്യാംപയിന്‍. ‘മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പോര്‍ക്ക് ചലഞ്ചിനെ വിമര്‍ശിച്ചത്.

വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ ഉള്‍പ്പെട്ടവരുടെ മതമോ ജാതിയോ, എന്തിന് പേര് പോലും ആരും ചോദിച്ചില്ല. പരമാവധി പേരെ രക്ഷപ്പെടുത്താനായിരുന്നു ശ്രമം. അതിനുശേഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഇതൊന്നും ആരും ചോദിച്ചില്ല. വയനാട്ടിലേക്ക് ഒഴുകിയെത്തിയ സഹായത്തിലും ആരും ഇതൊന്നും കണ്ടില്ല. ദുരന്തത്തിൽ അമ്പലവും പള്ളിയുമെല്ലാം ഒഴുകിപ്പോയ ശേഷം പച്ച മനുഷ്യരെയാണ് അവിടെ കണ്ടതെല്ലാം. ഇവിടെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുകയുമാണ്. അന്നൊന്നും ഇല്ലാതിരുന്നവരാണ് ഇപ്പോള്‍ മതം പറഞ്ഞ് പ്രചരണവുമായി രംഗത്തെത്തുന്നത്.

ദുരന്തത്തിന്റെ വ്യാപ്തിയും തീവ്രതയും അനുഭവിക്കാതെ സുരക്ഷിതരായി ഇരിക്കുന്നവരാണ് ഇത്തരം അഭിപ്രായങ്ങളുമായി എത്തുന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. വയനാട്ടിലെ ദുരിതത്തില്‍പ്പെട്ടവര്‍ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതുന്നവരാണ്. അത് അറിഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഇത്തരം ഒരു ചലഞ്ച് നടത്തി ഫണ്ട് കണ്ടെത്തുന്നത് എന്നാണ് വിമര്‍ശനം. ഇത് അവഹേളനവും അധിക്ഷേപവും നിന്ദയുമാണ് എന്നാണ് നാസര്‍ ഫൈസി കൂടത്തായി എഴുതിവിട്ടിരിക്കുന്നത്.
കോതമംഗലത്ത് നടത്തുന്ന പോര്‍ക്ക് ചലഞ്ചില്‍ നിന്നും ലഭിക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചാല്‍ എങ്ങനെ മതനിന്ദയാകും എന്ന ചോദ്യത്തിന് ആരും മറുപടി പറയുന്നില്ല. സംസ്ഥാനത്ത് പലയിടത്തും ഡിവൈഎഫ്‌ഐയും യൂത്ത്‌ കോണ്‍ഗ്രസും തുടങ്ങി വിവിധ യുവജനസംഘടനകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ചായ വില്‍ക്കുകയും പായസം വില്‍ക്കുകയും മീന്‍ വില്‍ക്കുകയും എല്ലാം ചെയ്യുന്നുണ്ട്. അതിനിടയില്‍ നിന്ന് ഇതുമാത്രം ചികഞ്ഞെടുത്ത് എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ വര്‍ഗിയ വിഷം ചീറ്റുന്നവരാണെന്നും ഇവരെ അകറ്റി നിര്‍ത്തണമെന്നും ഉള്ള അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവക്കുന്നത്
Previous Post Next Post