തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 1,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 17ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും.
ഈ വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഓണച്ചെലവുകള്‍ക്കായി 5000 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതെങ്കിലും അക്കൗണ്ടന്‍റ് ജനറലിനു സമര്‍പ്പിച്ച പബ്ലിക് അക്കൗണ്ടിലെ കണക്കുള്‍ പരിശോധിച്ച ശേഷം 4200 രൂപ കടമെടുക്കാന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്‍കുകയായിരുന്നു. പബ്ലിക് അക്കൗണ്ടിലെ നിക്ഷേപത്തിന്‍റെ അന്തിമ കണക്കു കൂടി പരിശോധിച്ച ശേഷമാണ് കേരളത്തിന്‍റെ വായ്പ പരിധി ഇപ്പോള്‍ കേന്ദ്രം നിശ്ചയിച്ചത്.
വൈദ്യുതി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍ ഈ സാമ്പത്തിക വര്‍ഷാവസാനം 6000 കോടി രൂപ കൂടി കിട്ടിയേക്കും. കിഫ്ബിയുടെയും മറ്റും വായ്പകള്‍ കടമെടുപ്പു പരിധിയില്‍ നിന്നു വെട്ടിക്കുറയ്ക്കുന്നതു കാരണം 12,000 കോടി രൂപയാണു കേരളത്തിനു നഷ്ടപ്പെടുന്നത്.