കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിൽ 3 ദിവസം പഴക്കമുള്ള മൃതദേഹം….മരിച്ചയാളെ തിരിച്ചറിഞ്ഞു…


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജോസഫ് പീറ്റർ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എസ് എൻ ജം​ഗ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്.

പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകൾ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം. തിരുവോണദിവസവും ഇയാളെ കണ്ടവരുണ്ട്. ഫോറൻസിക് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ ഇയാളുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. തുമ്പ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Previous Post Next Post