മോദി വയനാട് ദുരന്തം കണ്ട് മടങ്ങിയിട്ട് 50 ദിവസമെത്തുന്നു; കേന്ദ്രസഹായമായി ഒരുരൂപ ലഭിച്ചില്ല; ഒന്നും മിണ്ടാതെ കേരളവും



ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് കേരളം കണ്ടത്. ദുരന്തത്തില്‍ വിറങ്ങലിച്ച നാട് പ്രധാനമന്ത്രിയില്‍ നിന്ന് വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചു. എന്നാല്‍ ഒപ്പമുണ്ടാകും എന്ന വാക്ക് മാത്രം നല്‍കി പ്രധാനമന്ത്രി മടങ്ങി. ഒപ്പം വിശദമായ മെമ്മോറാണ്ടം നല്‍കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം നടന്നിട്ട് മറ്റന്നാൾ അമ്പത് ദിവസമാവുകയാണ്. ഇതുവരെ ഒരു രൂപയുടെ സഹായം പോലും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. ദുരന്തത്തില്‍ ബാക്കിയായവര്‍ തങ്ങളുടേതായ രീതിയില്‍ അതിജീവനത്തിന് വഴി തേടുന്ന ഈ ഘട്ടത്തില്‍ സഹായം വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രവും സംസ്ഥാനവും വ്യക്തമാക്കുന്നില്ല.

ജൂലൈ 30നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഇങ്ങനെ നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാക്കിയാണ് ഉരുള്‍ കുത്തിയൊലിച്ചു പോയത്. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തിനൊപ്പം സൈന്യം ആദ്യം മുതല്‍ അവസാനം വരെ സജീവമായി നിന്നു. രക്ഷാപ്രവര്‍ത്തനം ഏറെക്കുറേ പൂര്‍ത്തിയായ ശേഷം ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി എത്തിയത്. കണ്ണൂരില്‍ വിമാനമിറങ്ങിയ മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് എത്തിയത്. ആദ്യം ദുരന്തമേഖലയില്‍ വ്യോമനിരീക്ഷണം. കല്‍പറ്റയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് എത്തിയ പ്രധാനമന്ത്രി സമയമെടുത്ത് ദുരന്തമേഖല നടന്നു കണ്ടു. ആശുപത്രിയിലും ദുരിതാശ്വാസ ക്യാംപിലും കഴിയുന്നവരെ കണ്ടു. അവലോകന യോഗത്തിലും പങ്കെടുത്തു. ഇതോടെ നിശ്ചയിച്ചതിലും വൈകി പ്രധാനമന്ത്രിയുടെ മടക്കം.

പ്രധാനമന്ത്രി നിര്‍ദേശിച്ചതു പോലെ ഒരു മെമ്മോറാണ്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട്കൈമാറി. ഓഗസ്റ്റ് 27നായിരുന്നു ഈ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടന്നത്. കേരളത്തിന്റെ ആവശ്യങ്ങളും നഷ്ടത്തിന്റെ വ്യാപ്തിയും ഉള്‍പ്പെടുത്തിയുള്ള അപേക്ഷയാണ് നല്‍കിയത്. എന്നാല്‍ ഇത് കഴിഞ്ഞ് മാസം ഒന്നായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെ കേന്ദ്രത്തിന് മുന്നില്‍ കേരളം നല്‍കിയ കണക്കുകള്‍ പുറത്തുവന്നത് വിവാദമായിരുന്നു. യഥാര്‍ത്ഥ കണക്കുകളേക്കാള്‍ വലിയ തുകയാണ് രേഖപ്പെടുത്തിയത്. ഇത് ചിലവാക്കിയ തുക അല്ലെന്നും എസ്റ്റിമേറ്റ് ആണെന്നും സർക്കാർ വിശദീകരിച്ചെങ്കിലും വിവാദം അടങ്ങിയിട്ടില്ല. ഇതിലൊന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായതുമില്ല.

കേന്ദ്രസഹായം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കൃത്യമായ ഒരു മറുപടി നല്‍കിയിട്ടില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോട് ചോദിക്കൂ എന്ന് മാത്രമായിരുന്നു മറുപടി. ഇതുകൊണ്ട് കേന്ദ്രമന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമായിട്ടില്ല. കേന്ദ്ര സഹായം വൈകുന്നതില്‍ കാര്യമായ ഒരു പ്രതികരണവും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പകരം കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുന്നവരെ കേന്ദ്രസഹായം തടയാന്‍ ശ്രമിക്കുന്നവരായി ചിത്രീകരിച്ചുളള രാഷ്ട്രീയ പ്രതികരണങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രവും സംസ്ഥാനവും ഒന്നും മിണ്ടാതെ ഇരിക്കുമ്പോള്‍ പെരുവഴിയിലായിരിക്കുന്നത് എല്ലാം നഷ്ടപ്പെട്ട് ഇനി ജീവിതം എങ്ങനെ എന്ന് അറിയാത്ത വയനാട്ടിലെ സാധാരണക്കാരാണ്.
Previous Post Next Post