കൽക്കരി ഖനിയിലുണ്ടായിരുന്ന പൊട്ടിത്തെറിയിൽ 51 പേർ കൊല്ലപ്പെട്ടു.നിരവധി പേർ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറാനിൽ ഖൊറാസൻ പ്രവിശ്യയിലെ ഖനിയിൽ മീഥെയ്ൻ ഗ്യാസ് ചോർന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഖനിയിലെ രണ്ട് ബ്ലോക്കുകളിലായാണ് പൊട്ടിത്തെറിയുണ്ടായത്.മെഡഞ്ഞൂ കമ്പനി നടത്തുന്ന ഖനിയിലായിരുന്നു സ്ഫോടനം. ഈ മേഖലയിൽ നിന്നാണ് ഇറാനിലെ 76 ശതമാനം കൽക്കരിയും ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ പത്തോളം കമ്പനികൾ ഖനികൾ നടത്തുന്നുണ്ട്.
പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഇതിൽ ബി ബ്ലോക്കിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. പൊട്ടിത്തെറി ഉണ്ടായപ്പോൾ 47 പേരാണ് ഖനിയിലുണ്ടായിരുന്നത്. ഇവരിൽ 30 പേരും മരിച്ചു. 17 പേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.സി ബ്ലോക്കിൽ മീഥെയ്ൻ സാന്നിധ്യം കൂടുതലായതിനാൽ രക്ഷാപ്രവർത്തനത്തിന് ഇനിയും സമയമെടുക്കും. 69 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ അടുത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.