തിരുവനന്തപുരം: എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്‌സൈറ്റ് പൂട്ടിയതിന് പിന്നാലെ പുതിയ വെബ്‌സൈറ്റുമായി തട്ടിപ്പ് സംഘം. ഇത്തവണ റോയല്‍ എന്‍ഫീല്‍ഡിന്റെ പേരും ഫോട്ടോയും ലോഗോയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. 480 രൂപ നിക്ഷേപിച്ചാല്‍ ആറ് മാസത്തില്‍ 21,600 രൂപയാകുമെന്നാണ് വാഗ്ദാനം. 5000 രൂപ നിക്ഷേപിച്ചാല്‍ മൂന്ന് ദിവസത്തില്‍ 15,000 ആയി തിരികെ ലഭിക്കുമെന്നും തട്ടിപ്പ് സംഘം പറയുന്നു.
പ്രൊഡക്ട് എ, പ്രൊഡക്ട് ബി എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് തട്ടിപ്പ് സംഘം മുന്നോട്ടുവെയ്ക്കുന്നത്. ഇതിന്റെ സബ് കാറ്റഗറിയായി ഡെയ്‌ലി ഇന്‍കം പ്ലാന്‍ എ, ഡെയ്‌ലി ഇന്‍കം പ്ലാന്‍ ബി എന്നിങ്ങനെ കാണാം. കൂടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ചിത്രങ്ങളുമുണ്ട്. 480 രൂപ നിക്ഷേപിച്ചാല്‍ 180 ദിവസം കൊണ്ട് 21,600 രൂപയാകും, ഇതാണ് പ്ലാന്‍ എ. 1660 രൂപ 170 ദിവസം കൊണ്ട് 76,160 ആകുമെന്ന് പറഞ്ഞാണ് പ്ലാന്‍ ബി തട്ടിപ്പ്. ഇതിന് പുറമേ കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പുമുണ്ട്.