ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജരിവാൾ നേരിട്ട് തേടിയിരുന്നു. സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ കെജിവാൾ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് സാധ്യത. കൂടുതൽ നേതാക്കൾ നിർദ്ദേശിച്ചത് അതിഷിയുടെ പേരാണ്. അരവിന്ദ് കെജ്രിവാൾ ഇന്നലെ കണ്ട നേതാക്കളിൽ കൂടുതൽ പേർക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ട്. സുനിത കെജ്രിവാളിൻറെ പേര് കെജ്രിവാൾ നിരാകരിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്. എംഎൽഎമാരിൽ നിന്ന് പേര് നിർദ്ദേശിക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. എന്നാൽ മന്ത്രിസഭയിൽ രണ്ട് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ട്. അതിഷി, കൈലാഷ് ഗലോട്ട്, ഗോപാൽ റായി എന്നീ നേതാക്കളുടെ പേരുകളാണ് ചർച്ചയിൽ ഉയർന്നത്. വനിത എന്നതും ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഗോപാൽ റായി പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളാണ്.