സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് ഇപ്പോൾ അഞ്ച് ലക്ഷമായി കുറച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച കത്ത് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി.
അതേസമയം നേരത്തെ ഓണച്ചിലവുകൾക്കായി 4200 കോടിയോളം രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് സാധിക്കുക. ഇതിൽ ഡിസംബർ വരെയുള്ള 21253 കോടി രൂപ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കടമെടുത്തിരുന്നു. ബാക്കി തുക അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയായിരിക്കും എടുക്കാനാവുക.