മകൾക്കൊപ്പം ഓണക്കോടി വാങ്ങി മടങ്ങവേ സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂർ ചെറുമ്പാല വലിയകാട് പുത്തൻ പള്ളിയിൽ വീട്ടിൽ യശോദ (75) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം നടന്നത്.ഓണത്തോടനുബന്ധിച്ച് മലമ്പുഴ മന്തക്കാടുള്ള മകളുടെ വീട്ടിൽ വിരുന്നു പോയതായിരുന്നു യശോദ. കഴിഞ്ഞദിവസം വാങ്ങിയ ഓണക്കോടി മാറ്റിവാങ്ങാനായി ടൗണിൽ എത്തിയതായിരുന്നു. തുടർന്ന് വസ്ത്രങ്ങളുമായി മകൾ സുജിനിയോടൊപ്പം സ്കൂട്ടറിൽ മടങ്ങവേ ബി.ഒ.സി റോഡിലെ മേൽപ്പാലത്തിന് മുകളിൽ ഗതാഗതക്കുരുക്കിൽ നിർത്തിയ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ യശോദയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. തൽക്ഷണം മരിച്ചു. നിയന്ത്രണംവിട്ട ബസ് മറ്റൊരു ബൈക്കിലും ഇടിച്ചു.
ബൈക്ക് യാത്രക്കാരായ കഞ്ഞികുളം സ്വദേശി അഭി, കവിൽപാട് സ്വദേശി അൻസാദ് എന്നിവർക്കും പരിക്കേറ്റു. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച യശോദയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും