പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാവിലെ 11.15ഓടെ ദേശീയപാത കുതിരാന്‍ കല്ലിടുക്കില്‍ വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറില്‍ കൊണ്ടുവന്നിരുന്ന രണ്ടര കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് മൂന്ന് കാറുകളിലായി മുഖം മറച്ചു എത്തിയ സംഘം കവര്‍ന്നത്. രണ്ട് ഇന്നോവ, ഒരു റെനോള്‍ട്ട് എന്നീ കാറുകളിലായാണ് കവര്‍ച്ചാസംഘം എത്തിയത്.
സ്വര്‍ണ്ണം കൊണ്ടുവന്നിരുന്ന സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ വ്യാപാരി തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി അരുണ്‍ സണ്ണിയെയും, സുഹൃത്ത് പോട്ട സ്വദേശി റോജി തോമസിനെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇതിനുശേഷം കാറില്‍ നിന്ന് ഇരുവരെയും പുറത്തിറക്കിയ സ്വര്‍ണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു.
പുത്തൂരില്‍ വച്ച് അരുണ്‍ സണ്ണിയെയും, പാലിയേക്കരയില്‍ വെച്ച് റോജി തോമസിനെയും ഇറക്കി വിടുകയും ചെയ്തു. വ്യാപാരിയും സുഹൃത്തും വന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പീ്ചി പൊലീസ് അറിയിച്ചു.