പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേരിടാനുളള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം വിവാദത്തില്‍



കമ്യൂണിറ്റി ഹാളിന് പുതുപ്പള്ളിക്കാരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാതെ ഇ.എം.എസിന്റെ പേരിടുന്നത് ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിനാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാതിയില്‍ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്താണ്, പുതുപ്പള്ളി മാര്‍ക്കറ്റ് ഇരുന്ന ഭാഗത്തെ വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിച്ച് കമ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനു തുടക്കം കുറിച്ചത്. പിന്നീട് വന്ന, ഇപ്പോഴത്തെ ഇടതു പഞ്ചായത്ത് ഭരണസമിതി കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പു മറികടന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേരിടാന്‍ തീരുമാനമെടുത്തത്. ബി.ജെ.പി. അംഗങ്ങള്‍ യോഗത്തില്‍നിന്നു വിട്ടുനിന്നു.
പഞ്ചായത്ത് ഭരണസമിതി ഇ.എംഎസിന്റെ പേര് കമ്യൂണിറ്റി ഹാളിന് ഇടുന്ന തീരുമാനവുമായി മുന്നോട്ടുപോയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നു മുതല്‍ പഞ്ചായത്തിനു മുമ്പില്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ശ്രദ്ധയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം കൊണ്ടുവന്നത്. തുടര്‍ന്നു പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. എന്തായാലും, കമ്യൂണിറ്റി ഹാളില്‍ പേരെഴുതുന്ന ഭാഗം മുഖ്യമന്ത്രിയുടെ തീരുമാനം കാത്ത് ഒഴിച്ചിട്ടിരിക്കുകയാണ്.

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്ന നിലയിലാണ് കമ്യൂണിറ്റി ഹാളിന് ഇ എം.എസിന്റെ പേരിടാന്‍ തീരുമാനിച്ചതെന്നു പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണ സമിതി പറയുന്നു. എന്നാല്‍, പുതുപ്പള്ളിക്കാരനും അന്‍പതു വര്‍ഷത്തിലേറെ പുതുപ്പള്ളി പഞ്ചായത്ത് ഉള്‍പ്പെടുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയും ആയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിനുമാത്രമാണ് ഇ.എം.എസിന്റെ പേരു നിര്‍ദേശിച്ചതെന്നാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

ഇ.എം.എസിനെ എല്ലാവരും ആദരിക്കുന്നുവെന്നും പുതുപ്പള്ളിയുമായി ഒരു അടുപ്പവുമില്ലാത്ത ഇ.എം.എസിന്റെ പേര് കമ്യൂണിറ്റി ഹാളിന് ഇടുന്നതിലെ ഔചത്യമാണ് മനസിലാകാത്തതെന്നും പുതുപ്പള്ളി എം.എല്‍.എയായ ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. പുതുപ്പള്ളിയുമായി ബന്ധമുള്ള നേതാവിന്റെ പേര് കമ്യൂണിറ്റി ഹാളിന് ഇടുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു
Previous Post Next Post